Saturday, November 27, 2010

മലബാര്‍ ബിരിയാണി - ചിക്കന്‍



ചേരുവകള്‍: 
  • ബിരിയാണി അരി - 1 കിലോ 
  • ചിക്കന്‍ - 1 കിലോ 
  • വെളിച്ചെണ്ണ - 5 ടേബിള്‍ സ്പൂണ്‍ 
  • നെയ്യ് (RKG) - 4  ടേബിള്‍ സ്പൂണ്‍  
  • വലിയ ഉള്ളി (സവാള) -  5 എണ്ണം അരിഞ്ഞത്‌
  • ഇഞ്ചി പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍  
  • വെളുത്തുള്ളി പേസ്റ്റ് - 4  ടേബിള്‍ സ്പൂണ്‍  
  • പച്ച മുളക് പേസ്റ്റ് - 7 എണ്ണം പേസ്റ്റ് ആക്കിയത്  
  • തക്കാളി - 4 എണ്ണം 
  • ചിക്കന്‍ മസാല - 11/2 ടേബിള്‍ സ്പൂണ്‍  
  • മല്ലി പൊടി -  1 ടേബിള്‍ സ്പൂണ്‍
  • കുരുമുളക് പൊടി -  1/2 ടേബിള്‍ സ്പൂണ്‍
  • ഗരം മസാല -  1/2 ടേബിള്‍ സ്പൂണ്‍
  • കറിവേപ്പില - 2 തണ്ട് 
  • പുതിന ഇല - ഏകദേശം 8 തണ്ട്
  • മല്ലി ഇല -  ഏകദേശം 10 തണ്ട്
  • ഗ്രാമ്പൂ , ഏലക്ക , പട്ട - പൊടിച്ചത് 11/2 ടീ സ്പൂണ്‍ 
  • അരച്ച തേങ്ങ - കാല്‍ കപ്പ്‌
  • ചെറു നാരങ്ങ നീര് - 3 ടേബിള്‍ സ്പൂണ്‍
  • തൈര് - കാല്‍ കപ്പ്‌ 
  • ഉപ്പ് - പാകത്തിന്
അല്പം ചില മുന്നൊരുക്കങ്ങള്‍:
  • അരി 10 മിനിറ്റ് വെള്ളത്തിലിട്ടു കുതിര്‍ത്തതിന്നു ശേഷം വെള്ളം വാറ്റി വെക്കുക - അരി സോഫ്റ്റ്‌ ആകാന്‍ നല്ലതാണ്. 
  • രണ്ട് വലിയ പാത്രങ്ങള്‍ വേണ്ടി വരും. ഒന്ന് അരി തിളപ്പിച്ച്‌ വേവിക്കുന്നതിനും  മറ്റേത് മസാല കൂട്ടും അരിയും ചേര്‍ത്ത് അല്‍പ സമയം അടച്ചു വെച്ച്  വേവിക്കുന്നതിനും.  
  • ഒരു വലിയ-ഉള്ളി (സവാള) അരിഞ്ഞതും അല്പം കിസ്മിസും നെയ്യില്‍ ഇട്ടു സവാള  മൊരിയുന്നത് വരെ മൂപ്പിച്ചു മാറ്റി വെക്കുക. ഈ നെയ്യ് പിന്നീട് മസാലയും വെന്ത  അരിയും മിക്സ്‌ ചെയ്യുമ്പോള്‍ വേണ്ടി വരും.

തയ്യാറാക്കുന്ന വിധം:
മസാല കൂട്ട്:
ഒന്നാമത്തെ വലിയ പാത്രം അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതില്‍ വലിയ ഉള്ളി അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. അല്പം കഴിഞ്ഞ് (വലിയ ഉള്ളി ഏകദേശം സോഫ്റ്റ്‌ ആയിക്കഴിയുമ്പോള്‍) ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി എന്നിവയുടെ പേസ്റ്റ് ചേര്‍ക്കുക. അല്പം കൂടി  വഴറ്റിയ ശേഷം തക്കാളി അരിഞ്ഞത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇനി ചിക്കന്‍ കഷ്ണങ്ങള്‍  ചേര്‍ത്ത് മഞ്ഞള്‍ പൊടി, മല്ലി പൊടി, ചിക്കന്‍ മസാല, കുരു മുളക് പൊടി, ഗരം മസാല, ഗ്രാമ്പൂ + പട്ട + ഏലക്ക (മൂന്നും ചേര്‍ത്ത് പൊടിച്ചത്), പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. 
5 മിനിറ്റ് കഴിഞ്ഞ്, ചെറു നാരങ്ങ നീര്, തേങ്ങ അരച്ചത്‌, തൈര്, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഈ ചേരുവകള്‍ ഏകദേശം 25 മിനുട്ടോളം (വെള്ളം  വലിയുന്നതു വരെ) വേവിച്ചു മാറ്റി വെക്കുക.
ചോറ്:
രണ്ടാമത്തെ വലിയ പാത്രത്തില്‍ തിളച്ച വെള്ളത്തില്‍ കുതിര്‍ന്ന അരിയും പാകത്തിന് ഉപ്പും ഇട്ടു വേവിക്കുക (അരിയുടെ  വേവനുസരിച്ച്). അരി വെന്തു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും ഇറക്കി വെച്ച് വെള്ളം  വാറ്റിക്കളയുക.

മിക്സിംഗ്:
ഒന്നാമത്തെ പാത്രത്തില്‍ മസാല കൂട്ട് തയ്യാറായാല്‍, അല്പം വെന്ത അരി  മസാലയുടെ  മുകളില്‍ പരത്തി ഇടുക. നെയ്യ്(കിസ്മിസും സവാളയും മൂപ്പിക്കാന്‍ ഉപയോഗിച്ചത്) അല്പമെടുത്ത് അരിയുടെ മുകളില്‍ ഒഴിക്കുക. അല്പം മല്ലിയിലയും ഗ്രാമ്പൂ + പട്ട + ഏലക്ക എന്നിവ മൂന്നും ചേര്‍ത്ത് പൊടിച്ചതും വിതറുക. ഇതിനു മുകളില്‍ വീണ്ടും അല്പം വെന്ത അരി പരത്തുക. ഇതിനു മുകളില്‍, നെയ്യ്(കിസ്മിസും സവാളയും മൂപ്പിക്കാന്‍ ഉപയോഗിച്ചത്) വീണ്ടും അല്പം ഒഴിക്കുക. വീണ്ടും അല്പം മല്ലിയിലയും ഗ്രാമ്പൂ + പട്ട + ഏലക്ക എന്നിവ ചേര്‍ത്ത് പൊടിച്ചതും വിതറുക. ഈ രീതിയില്‍ വെന്ത അരി  മുഴുവനും പല അടുക്കുകളായി ഇടുക. ഏറ്റവും മുകളില്‍ നേരത്തെ മൂപ്പിച്ചു വെച്ച  കിസ്മിസും  സവാളയും വിതറി, പാത്രം അടച്ചു വെച്ച് ഒരു 8 മിനിറ്റ് ഇളം ചൂടില്‍  വേവിക്കുക. സ്വാദിഷ്ടമായ മലബാര്‍ ചിക്കന്‍ ബിരിയാണി റെഡി!!!